യാദ്ഗിർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗുർമിത്കൽ ടൗണിൽ ആർഎസ്എസിന് ഇന്ന് റൂട്ട്മാർച്ച് നടത്താൻ ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പഥസഞ്ചലനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും റൂട്ടും വിലയിരുത്തിയശേഷം പത്ത് ഉപാധികളോടെയാണ് ജില്ലാ ഭരണകൂടം പഥസഞ്ചലനത്തിന് അനുമതി നൽകിയത്.
പൊതുമുതൽ നശിപ്പിക്കരുത്, നശിപ്പിക്കപ്പെട്ടാൽ എല്ലാ നഷ്ടവും ഏറ്റെടുക്കണം, മതവികാരം വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ പാടില്ല, ഗതാഗതം തടസപ്പെടുത്തരുത്, കടകൾ അടപ്പിക്കരുത്, ആയുധങ്ങൾ പാടില്ല തുടങ്ങിയ കർശന ഉപാധികളാണുള്ളത്.
ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് ബസപ്പ സഞ്ജനോൾ ആണ് റൂട്ട് മാർച്ചിന് അപേക്ഷ നൽകിയത്. ആർഎസ്എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതിയിരുന്നു.
ആർഎസ്എസിൽ അംഗമായിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ സ്ഥലങ്ങളിൽ ആർഎസ്എസ് പരിപാടികൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്നു സർക്കാർ ഉത്തരവിറക്കിയത്.
കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാംഗവുമായ മല്ലികാർജുൻ ഖാർഗെയെ എട്ടു തവണ നിയമസഭയിലേക്കു തെരഞ്ഞെടുത്ത മണ്ഡലമാണ് ഗുർമിത്കൽ.